പാളയത്തെ പെട്രോൾ പമ്പിൽ നിന്നും ഒന്നരലക്ഷം രൂപ കവർന്ന സംഭവം; പ്രതി പിടിയിൽ

പാളയത്തെ പെട്രോൾ പമ്പിൽ മോഷണം നടത്തിയ ആൾ പിടിയിലായി. കവർച്ച നടന്ന് രണ്ടുദിവസങ്ങൾക്കിപ്പുറമാണ് പ്രതി പിടിയിലായിരിക്കുന്നത്. സംഭവത്തിൽ പൊന്നാനി സ്വദേശി തഫ്‌സീർ ദർവേഷാണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരം മോഷ്‌ടാവാണെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു.
പതിമൂന്നാം തിയതി പുലർച്ചെയാണ് തലസ്ഥാനത്തെ പെട്രോൾ പമ്പിൽ മോഷണം നടന്നത്. പമ്പിലെ ഓഫീസിൽ കയറിയ മോഷ്ടാവ് ഒന്നര ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. മൂന്നുദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപയുമായാണ് പ്രതി കവർന്നത്. മോഷണം നടക്കുന്ന സമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളുടെ കണ്ണുവെട്ടിച്ചാണ് കള്ളൻ പമ്പിലെ ഓഫീസിൽ കടന്നതും പണം അപഹരിച്ചതും. സംഭവത്തിൽ മ്യൂസിയം പോലീസ് ആണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷമാണ് പ്രതിയിലേക്ക് എത്തിയത്.
പമ്പിലെ ഓഫീസിന്റെ വാതിൽ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തിത്തുറന്നാണ് തഫ്‌സീർ അകത്ത് പ്രവേശിച്ചത്. പിന്നീട് അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു. മോഷണ ശേഷം ഹാർഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്ന് തീരുമാനിച്ച വന്നതിനാൽ ഇയാൾ സിസിടിവി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറച്ചിരുന്നില്ല. എന്നാൽ ഹാർഡ് ഡിസ്‌ക് ആണെന്ന് കരുതി കൊണ്ടുപോയതാവട്ടെ മോഡവും. ഇത് പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷം ഒരു ഓട്ടോറിക്ഷ പിടിച്ച് പോവുകയായിരുന്നു.
