മദ്യലഹരിയിൽ യുവാവിന്റെ മരണപ്പാച്ചിൽ….

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലിൽ കോഴിക്കോട് മുക്കത്ത് വൻ നാശനഷ്ടം. ജീവാപായത്തിൽ നിന്ന് ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുക്കം മാമ്പറ്റയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച പൂളക്കോട് സ്വദേശി നായർകുഴി അനീഷ് രാജുവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം അഗസ്ത്യമുഴി ഭാഗത്ത് നിന്ന് കുന്നമംഗലം ഭാഗത്തേക്കാണ് ഇയാൾ ഇന്നോവ കാറുമായി അമിത വേഗതയിൽ എത്തിയത്. അഗസ്ത്യമുഴി വളവിൽ വെച്ച് ഒരു കാറിൽ ഇടിച്ച് ഇയാൾ ആദ്യം അപകടമുണ്ടാക്കി.
എന്നാൽ, അപകടം നടന്നിട്ടും വാഹനം നിർത്താതെ ഇയാൾ വീണ്ടും അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. ഇതിനിടയിൽ റോഡിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങൾക്കും ഇയാൾ കേടുപാടുണ്ടാക്കിയതായാണ് വിവരം. തുടർന്ന് നിയന്ത്രണം വിട്ട കാർ മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. അഗസ്ത്യമുഴിയിൽ വെച്ച് ഇയാൾ ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മതിൽ ഇടിച്ചുതകർത്തതിന് പിന്നാലെ മാമ്പറ്റയിൽ വെച്ച് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ അനീഷ് രാജു കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.



