ഖത്തർ KMCC ഓഫീസിലെ കവർച്ച… മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ

ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. ബിജെപിക്കാരനെ ഉപയോഗിച്ച് എട്ടുകോടി കൊള്ള ചെയ്തവര്‍ സമുദായത്തിന്റെ നെഞ്ച് പിളര്‍ത്താന്‍ ആര്‍എസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണുറപ്പെന്ന് കെ ടി ജലീൽ ചോദിച്ചു.
മുസ്ലിം ലീഗും യൂത്ത്ലീഗും എംഎസ്എഫ് ദേശീയ കമ്മിറ്റികളുമെല്ലാം പിരിച്ച പണത്തിന്റെയും ചെലവിട്ടതിന്റെയും കണക്ക് പറയാതെ ഒളിച്ചുകളി നടത്തിയതിന്റെ പേരില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട് പിരിച്ച് പുട്ടടിച്ച യൂത്ത്ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേരള ഹൈക്കോടതിയില്‍ കേസ് പോലും നിലവിലുണ്ട്. പിരിക്കുക, കക്കുക, മൂക്കുക എന്നുള്ളത് അടിമുതല്‍ മുടിവരെ ‘കാന്‍സര്‍’ പോലെ ലീഗിനെ കാര്‍ന്നു തിന്നുകയാണ്.
കെഎംസിസികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക കുറ്റത്തിന്റെ ഒരു ചെറിയ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇസ്ലാമിനെയും പടച്ച തമ്പുരാനെയും മുഹമ്മദ് നബിയേയും മുന്‍നിര്‍ത്തി ലീഗും പോഷക സംഘടനകളും നടത്തുന്ന സാമ്പത്തിക കൊള്ള തടഞ്ഞേ പറ്റൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



