കടലിൽ കുളിക്കാനിറങ്ങി കാണാതായ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല് മലയാളി നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലീമിന്റെ മകൻ നാദിർഷയുടെ (15) മൃതദേഹമാണ് സ്നേഹതീരത്തിന് പടിഞ്ഞാറുഭാഗത്തുനിന്ന് കണ്ടെടുത്തത്. തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി.എച്ച്.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു നാദിർഷ.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് നാദിർഷ കൂട്ടുകാരനായ അബ്ദുൾ റഹ്‌മാനൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. ആദ്യം ഇരുവരും തമ്പാൻകടവ് അറപ്പത്തോട് ബീച്ചിലെ അറപ്പത്തോടിലാണ് ഇറങ്ങിയത്. എന്നാൽ ഇവിടെ വെള്ളം കുറവായതിനെ തുടർന്ന് ഇവർ കടലിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് രണ്ടുപേരും ഒഴുക്കിൽപ്പെട്ടു.

അബ്ദുൾ റഹ്‌മാൻ കഠിനമായി നീന്തി കരയ്ക്ക് രക്ഷപ്പെട്ടെങ്കിലും നാദിർഷ ഒഴുക്കിൽപ്പെടുകയായിരുന്നു. അതേസമയം, ഒഴുക്കിൽപ്പെട്ട് ഏറെ കഷ്ടപ്പെട്ട് കരയിലെത്തിയ അബ്ദുൾ റഹ്‌മാനെ നാട്ടുകാരനായ ഒരാൾ മർദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. മർദനമേറ്റ അബ്ദുൾ റഹ്‌മാൻ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Related Articles

Back to top button