ലോകകപ്പ് അവധി യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടി….

പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്ത്. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.

ലോകകപ്പ് ഫൈനലിന്‍റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നേരത്തെ നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button