അടൂർ സ്റ്റേഷൻ അതിക്രമം…. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ…

പത്തനംതിട്ട: അടൂർ പൊലീസ് സ്‌റ്റേഷനിൽ നടന്ന അക്രമ സംഭവങ്ങളിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. സംഭവത്തിൽ പത്തനംതിട്ട എസ്‌.പി അടൂർ ഡി.വൈ.എസ്‍.പിയോട് വിശദമായ റിപ്പോർട്ട് തേടി. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ, അന്നേദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയും നടന്നു വരികയാണ്. താൻ സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി.

സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് നന്നായി, അതുവഴി സത്യാവസ്ഥ പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തുണ്ടായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ഒരു അക്രമവും നടന്നിട്ടില്ലെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി.പി.എം നേതാക്കൾ അധഃപതിച്ചതായും ശ്രീനാദേവി ആരോപിച്ചു. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഡി.ജി.പി റാവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ജനപ്രതിനിധികൾ സ്റ്റേഷനിൽ വരുന്നത് സ്വാഭാവികമാണെങ്കിലും, അതിനപ്പുറം എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച കർശനമായി അന്വേഷിക്കാൻ പത്തനംതിട്ട എസ്‌.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 11-ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയെ തുടർന്നാണ് പുറത്തുവന്നത്.

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ അടൂർ സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി പ്രതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശ്രീനാദേവിക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാനും മറ്റ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button