കാലടി സർവകലാശാലയ്ക്കെതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്… പരീക്ഷ എഴുതാൻ….

കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് പരീക്ഷാ രജിസ്ട്രേഷൻ തടഞ്ഞതിനെ തുടർന്ന്, കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നു. 16 വിദ്യാർത്ഥികളാണ് വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർ നടപടികൾ ആവശ്യപ്പെട്ട് ഇവർ കാലടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
സമരത്തിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നൽകണമെന്നും, പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമായിരുന്നു കോടതി നിർദ്ദേശം. ഇതിനായി കോടതി അനുവദിച്ച അവസാന തീയതി കഴിഞ്ഞിട്ടും സർവകലാശാല സൈറ്റ് തുറന്നു നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾ നിയമനടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, വിദ്യാർത്ഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർവകലാശാലയാണ് തീരുമാനമെടുക്കേണ്ടതെന്നും, സർക്കാർ ഇതിൽ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വീണ്ടും വ്യക്തമാക്കി. സർവകലാശാല എന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും മന്ത്രി ആവർത്തിച്ചു.



