കരമന കൂടത്തിൽ കൊലപാതക കേസ്… വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാൻ….

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കരമന കൂടത്തിൽ തറവാട്ടിലെ കൊലപാതക കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിന്റെ നീക്കം ശക്തമാകുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സാജുവിനെ നാട്ടിലെത്തിക്കുന്നതിനായി ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നിർണായക നടപടി. ഇന്റർപോൾ ലൈസൺ ഓഫീസർ അജിതാ ബീഗം ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഔദ്യോഗികമായി കത്ത് നൽകും.

കൊലപാതകം നടത്താൻ മുഖ്യപ്രതിയെ സാജു സഹായിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തിൽ തറവാട്ടിലെ പരമ്പരയായി ഉണ്ടായ മരണങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അഞ്ച് വർഷത്തിനിടെ ഒരു തറവാട്ടിൽ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് ഈ കേസിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. ഈ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ. അതിവിദഗ്ധമായാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ബ്രൈൻ മാപ്പിങ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ ശക്തമായ അടിത്തറയിലാണ് രവീന്ദ്രൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ കേന്ദ്രീകരിച്ചും വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

Related Articles

Back to top button