ഫൈനല്‍ നമുക്ക് അടിച്ചുപൊളിക്കാം; അവധി പ്രഖ്യാപിച്ച് മന്ത്രി റോജി.എം.ജോണ്‍

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നാളെ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അറിയിച്ചു. ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനല്‍ മത്സരം കുട്ടികൾക്ക് പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, മത്സരത്തിന് ശേഷം തുടര്‍ന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവധി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ് വന്നത്. അതേസമയം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കില്ലെന്നും അവ യഥാസമയം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവധി സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Related Articles

Back to top button