പശ്ചിമേഷ്യൻ സംഘർഷം എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 116.20 ഡോളറിലെത്തി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലകളിൽ നിന്നുള്ള വിതരണത്തെ സംഘർഷം ബാധിച്ചേക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് പ്രധാന കാരണം.

സൗദി അറേബ്യയ്ക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങൾ എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കൻ ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വിലയും 1.7 ശതമാനം ഉയർന്ന് ബാരലിന് 101.12 ഡോളറിലെത്തി. ഇതോടെ തുടർച്ചയായ മൂന്നാം ആഴ്ചയും ബ്രെന്റ് ക്രൂഡ് വില വർധിച്ചു.

സൗദി അറേബ്യയും യമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായതിനെ തുടർന്ന് ധാഹ്റാനിലെ ആസ്ഥാനത്തുനിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ സൗദി അരാംകോ വ്യാഴാഴ്ച നിർദേശം നൽകിയിരുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം എണ്ണ ഉൽപ്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഈ നീക്കം.

Related Articles

Back to top button