അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, കൊങ്കൺ അധികൃതരെ അറിയിച്ചിട്ടും വീഴ്ച വരുത്തി… വയനാട് അപകടത്തിൽ മന്ത്രി ടി. സിദ്ദിഖ്

വയനാട്: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടതായി സ്ഥിരീകരണം. കള്ളാടിയിലുണ്ടായത് സ്വാഭാവികമായ മണ്ണൊലിപ്പല്ലെന്നും, മറിച്ച് പൂർണ്ണമായും മനുഷ്യനിർമ്മിതമായ ദുരന്തമാണെന്നും ജില്ലയിൽ നിന്നുള്ള മന്ത്രിയായ ടി. സിദ്ദിഖ് വ്യക്തമാക്കി. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ മന്ത്രിയും താനും ഉടനടി വയനാട്ടിലേക്ക് തിരിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തെത്തുടർന്ന് മേപ്പാടി വിംസ് (മിംസ്) ആശുപത്രിയിൽ ആറ് തൊഴിലാളികൾ ചികിത്സ തേടിയ കാര്യം മന്ത്രി ടി. സിദ്ദിഖ് സ്ഥിരീകരിച്ചു. കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ്, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്കെല്ലാം ആവശ്യമായ മികച്ച ചികിത്സ ഉറപ്പാക്കാൻ നിലവിൽ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ മണ്ണ് കൂട്ടിയിടുന്നത് അശാസ്ത്രീയമാണെന്ന് തങ്ങൾ തുടക്കത്തിൽ തന്നെ കൊങ്കൺ റെയിൽവേ അധികൃതരുടെ യോഗത്തിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഈ വലിയ ദുരന്തത്തിലേക്ക് നയിച്ച അധികൃതരുടെ വീഴ്ചകളെ സർക്കാർ അതീവ ഗൗരവത്തോടെ തന്നെ കാണുമെന്നും മന്ത്രി ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.
വയനാട് ജില്ലയിൽ ഇന്ന് രാവിലെ മുതൽ അതിതീവ്രമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ദുരന്തബാധിത പ്രദേശത്ത് 265 mm (മില്ലീമീറ്റർ) മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ തുരങ്കപാതയിലെ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെച്ചിരുന്നു. എന്നിരുന്നാലും നിർമ്മാണസ്ഥലത്തെ സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന കൂറ്റൻ കോൺക്രീറ്റ് ഭിത്തി പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. നിർമ്മാണ തൊഴിലാളികൾക്ക് പുറമെ, അപകടസമയത്ത് ഇതിലൂടെ നടന്നുപോയ സമീപവാസികളായ ചില ആളുകളും അപകടത്തിൽ പെട്ടിട്ടുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരം. നിലവിൽ എൻഡിആർഎഫിന്റെ കോഴിക്കോട്, വയനാട് ടീമുകളും ഫയർഫോഴ്സും സ്ഥലത്തെത്തി സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.



