പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി… കൂടൽ പൊലീസിനെതിരെ ഗോഡൗൺ മർദ്ദന വെളിപ്പെടുത്തലുമായി….

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കൂടൽ പൊലീസിനെതിരെ അതീവ ഗുരുതരമായ മർദ്ദന ആരോപണങ്ങളുമായി യുവാക്കൾ രംഗത്ത്. ചോദ്യം ചെയ്യലിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തങ്ങളെ ക്രൂരമായ മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്നാണ് 21കാരനും 20കാരനും വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസിനെതിരെയുള്ള യുവാക്കളുടെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ കെ.ജി അന്വേഷണം ആരംഭിച്ചു.

തങ്ങളെ സിവിൽ വേഷത്തിലെത്തിയ പൊലീസ് നീല നിറത്തിലുള്ള വാഗൺആർ കാറിലാണ് കസ്റ്റഡിയിലെടുത്തതെന്ന് യുവാക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ 21കാരൻ പൊലീസിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കൂടൽ പൊലീസ് സ്റ്റേഷന് പിൻഭാഗത്തുള്ള ഗോഡൗൺ പോലെയുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് യുവാവ് പറയുന്നു. കൂടൽ എസ്ഐ ജയമോഹനും സംഘത്തിനുമെതിരെ ക്രൂരമായ മർദ്ദനം ചൂണ്ടിക്കാട്ടി 20കാരനായ മറ്റൊരു യുവാവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് രേഖാമൂലം പരാതി നൽകി. ജൂലൈ നാലിന് തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു.

സഹപാഠികൾ പീഡിപ്പിച്ചുവെന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി പൂർണ്ണമായും വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും എന്നാൽ അവൻ പ്രണയം നിരസിച്ചതിന്റെ നിരാശയിലാണ് താൻ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വ്യാജ പീഡന പരാതി നൽകിയതെന്നും പെൺകുട്ടി മജിസ്ട്രേറ്റിനോട് സമ്മതിച്ചിരുന്നു. വൈദ്യപരിശോധനയിലും പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടെയാണ് നിരപരാധികളായ യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന പരാതി ഉയർന്നത്. ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചതോടെ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ കെ.ജി പരാതിക്കാരായ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും. കൂടാതെ ആരോപണം ഉന്നയിച്ച പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button