മത്സ്യത്തൊഴിലാളിയായ വയോധികന് ജീവനൊടുക്കിയ നിലയില്‍…

ആലപ്പുഴ: ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് പഞ്ചായത്ത് നമ്പർ നൽകാൻ വൈകിയതിൽ മനംനൊന്ത് വയോധികൻ ജീവനൊടുക്കി. അരൂർ പളളിയോടപ്പുരയ്ക്കൽ സുബ്രമണ്യൻ (71) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ സുബ്രമണ്യനെ വീടിന് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീടിന്റെ പണി പൂർത്തീകരിച്ചിട്ടും അവസാന ഗഡു തുക ലഭിക്കാത്തതിന്റെ കടുത്ത വിഷമത്തിലായിരുന്നു സുബ്രമണ്യനെന്ന് ബന്ധുക്കൾ പറയുന്നു.
തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട് സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ് വീട്ടുനമ്പർ നൽകാൻ തടസ്സമുള്ളതെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നത്. വീടിന് നമ്പറില്ലാത്തതിനാൽ പദ്ധതിയുടെ അവസാന ഗഡുവായ ഒരു ലക്ഷം രൂപ സുബ്രമണ്യന്‍ ലഭിച്ചതുമില്ല. ഈ തുകയ്ക്കായി നിരവധി തവണയാണ് ഇദ്ദേഹം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയത്. വർഷങ്ങളായുള്ള രോഗബാധയും ഭാര്യയ്ക്കുണ്ടായ അപകടവും സുബ്രമണ്യനെ കടുത്ത മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നു. ത്വക്ക് സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇന്നലെ വീണ്ടും ആശുപത്രിയിൽ പോകാനിരിക്കെയാണ് സുബ്രമണ്യനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുനമ്പർ വൈകുന്നതിലെ ഉദ്യോഗസ്ഥ ചുവപ്പുനാടക്കെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.




