ബിയറെന്ന് പറഞ്ഞ് മറ്റൊന്ന് നൽകി… കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ആർഎൽവി രാമകൃഷ്ണൻ

മലയാളികളുടെ പ്രിയനടൻ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗത്തിന് പത്ത് വർഷം പിന്നിട്ടിട്ടും ആ മരണത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ അവസാനിച്ചിട്ടില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് നടന്ന സംഭവങ്ങൾ കുടുംബത്തോട് മറച്ചുവെച്ചെന്നും, ഒപ്പമുണ്ടായിരുന്നവർ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് നടന്റെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ:

”2016 മാർച്ച് 5. ചേട്ടൻ അമൃതയിലാണ്, സീരിയസാണ് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. എന്റെ സുഹൃത്തും ഞാനും കൂടെ അവിടേക്ക് ഓടിയെത്തി. ചേട്ടൻ വെന്റിലേഷനിലാണ്. മണി എന്താണ് കഴിച്ചതെന്ന് പറഞ്ഞാലേ ആന്റി ഡോസ് കൊടുക്കാൻ പറ്റൂ, ഇപ്പോൾ അബോധാവസ്ഥയിലാണ് എന്ന് പറഞ്ഞറി‍ഞ്ഞു. പുറത്തേക്കിറങ്ങി ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു മുഴുവൻ സുഹൃത്തുക്കളോടും ചോദിച്ചു. ആരും ഒന്നും പറയുന്നില്ല. മാർച്ച് ആറിന് അദ്ദേഹം മരിക്കുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നു. മീഥെയ്ൽ ആൽക്കഹോൾ പോയിസനിം​ഗ് കാരണമാണ് മരിച്ചതെന്നാണ് അതിൽ പറയുന്നത്.

അദ്ദേഹത്തിന് ചെറിയ തോതിൽ ലിവർ സിറോസിസിന്റെ അസുഖവും ഉണ്ടായിരുന്നു. എന്താണ് മരണ കാരണം എന്നറിയാതെ ഞങ്ങൾ നിശബ്ദരായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ചാനലുകൾ മുഴുവനും വിളിച്ച് തുടങ്ങി. പിന്നെയാണ് മാർച്ച് 5 ന് മുമ്പുള്ള ദിവസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. സാധാരണ ചേട്ടൻ ബിയർ ആണ് കഴിക്കാറ്. കുട്ടിക്കാലം മുതൽ ചേട്ടൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ല. സിനിമയിൽ കയറി വളരെ കാലങ്ങൾക്ക് ശേഷമാണ് അദ്ദേഹം ബിയർ തന്നെ കഴിച്ച് തുടങ്ങിയത്. എന്റെ കൺമുന്നിൽ അദ്ദേഹം ഒരുപാ‌ട് മദ്യപിച്ച് വരുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

അന്വേഷിച്ചപ്പോൾ അവിടെ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞത് തലേ ദിവസം അതിഥികൾ വന്ന് പോയിരുന്നു. പിറ്റേ ദിവസം രാവിലെ ചേട്ടൻ ബിയർ ചോദിച്ചപ്പോൾ ബിയർ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന രണ്ട് പേർ പുറത്ത് പോയി പെപ്സി വാങ്ങിക്കൊണ്ട് വന്ന് ബിയർ കുപ്പിയിൽ ഒഴിച്ച് ബിയർ ആണെന്ന് പറഞ്ഞ് കൊടുത്തു. അതോടെ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോയത് പോലെ സാ​ഹചര്യം ഉണ്ടാകുകയും നിലത്ത് കിടന്നുരുളുകയും ചെയ്തു. ഒരുപാട് സംഭ്രമങ്ങൾ അദ്ദേഹമവിടെ കാണിച്ചു. പക്ഷെ അവിടെയുള്ള ആരും ഈ വിവരങ്ങൾ വീട്ടിൽ അറിയിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ബെൻസോഡയസപിൻ കുത്തിവെച്ച് മയക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. അതും സുഹൃത്തായ ഒരു ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ല”.

ചികിത്സയുമായി ബന്ധപ്പെട്ടും ആർഎൽവി രാമകൃഷ്ണൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. കരൾ രോഗമുള്ളവർക്ക് ചില മരുന്നുകൾ പോലും നൽകുമ്പോൾ അതീവ ജാഗ്രത വേണമെന്നും, എന്നാൽ ചേട്ടന്റെ കാര്യത്തിൽ അത് പാലിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലിവർ സിറോസിസ് രോ​ഗികൾക്ക് പാരസെറ്റമോൾ ​ഗുളിക പോലും കൊടുക്കാൻ പാടില്ല. നികൃഷ്ടമായ രീതിയിൽ കുത്തിവെച്ചാണ് അവർ ചേ‌ട്ടനെ കൊണ്ട് പോയത്.

ചേട്ട‌ന് വേറെ വസ്ത്രം വാങ്ങിച്ച് വെെകുന്നേരം നാല് മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. വീട് പാഡിയിൽ നിന്നും 200 മീറ്റർ പോലുമില്ല. ക്ലാസ് എടുക്കുന്നതിന്റെ മുമ്പിലൂടെയാണ് ചേട്ടനെ കൊണ്ട് പോയത്. പക്ഷെ ഞങ്ങളോട് പറഞ്ഞില്ല. കൂടാതെ, ചേട്ടൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളയുകയും സംഭവസ്ഥലം വൃത്തിയാക്കുകയും ചെയ്തുവെന്നും, അതിനാൽ നിർണായക തെളിവുകൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Related Articles

Back to top button