വയനാട് തുരങ്കപാത മണ്ണിടിച്ചിൽ… വീടും പള്ളിയും തകർന്നു… 6 അതിഥി തൊഴിലാളികൾ ആശുപത്രിയിൽ… ഒരാളുടെ നില ഗുരുതരം

വയനാട്-കള്ളാടി തുരങ്കപാത നിർമ്മാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വലിയ ദുരന്തം. തുരങ്കപാതയുടെ പണികൾക്കായി മാറ്റിയ കൂറ്റൻ മൺകൂന അതിശക്തമായ മഴയിൽ താഴേക്ക് നിരങ്ങിയിറങ്ങിയാണ് അപകടമുണ്ടായത്. നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന കബിനകത്ത് 15 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. കൂടാതെ, തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന ഒരു കുടുംബവും മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കനത്ത സംശയമുണ്ട്.

അപകടത്തെത്തുടർന്ന് പരിക്കേറ്റ 6 അതിഥി തൊഴിലാളികളെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനിടെ ദുരന്തമേഖലയിൽ വീണ്ടും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. സുരക്ഷ മുൻനിർത്തി പ്രദേശത്ത് നിന്നും ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പാലത്തിനടുത്തുള്ള വലിയ കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ഒരു വീടും പള്ളിയും പൂർണ്ണമായും തകർന്നു തരിപ്പണമായി. കൂടാതെ കള്ളാടിയിലെ പ്രധാന ബസ് സ്റ്റോപ്പും മീനാക്ഷി പാലവും ഇപ്പോൾ പൂർണ്ണമായി മണ്ണിനടിയിലായ നിലയിലാണ്. കൂടുതൽ ആളുകൾ മൺകൂനയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വയനാട് ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിയായ ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മറ്റ് മന്ത്രിമാരോട് ഉടനടി വയനാട്ടിലേക്ക് എത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൂടാതെ, കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകാൻ കോഴിക്കോടുള്ള പ്രത്യേക രക്ഷാസേനാ സംഘത്തോടും അടിയന്തരമായി വയനാട്ടിൽ എത്തിച്ചേരാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Related Articles

Back to top button