വിഴിഞ്ഞം ചിലവ് ആറായിരം കോടിയോട് അടുത്ത്, അദാനി നൽകിയത് ഊതിപ്പെരുപ്പിച്ച കണക്കുകൾ… വി.എൻ. വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സർക്കാർ ചെലവഴിച്ച തുകയെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വിവാദം കനക്കുന്നു. വിഴിഞ്ഞത്തിനായി സംസ്ഥാന സർക്കാർ മുടക്കിയത് 3,764 കോടി രൂപയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഇടതുപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ഒന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2,454 കോടി രൂപയും മുടക്കിയെന്നും, തുടർ ഘട്ടങ്ങൾക്കായി അദാനി 19,000 കോടി രൂപയോളം മുടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ രംഗത്തെത്തി.

പദ്ധതിയുടെ ആകെ ചെലവിന്റെ 61.5 ശതമാനവും സംസ്ഥാന സർക്കാരിന്റേതാണെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. അദാനിയുടേത് 29.5 ശതമാനം മാത്രമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ പല ബില്ലുകളും വരാനിരിക്കുന്നതേയുള്ളൂ എന്നും, അത് പൂർത്തിയാകുമ്പോൾ എൽഡിഎഫ് പറയുന്ന ചിലവിലേക്ക് കണക്കുകൾ എത്തുമെന്നും ടി.എൻ. തോമസ് ഐസക് പറഞ്ഞു. ഉപകരണങ്ങളുടെ കാര്യത്തിൽ അദാനി നൽകിയിരിക്കുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് സിഎജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം സി പി ഐ എം സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖ പ്രതിരോധ സംഗമത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സർക്കാർ ചിലവ് ആറായിരം കോടിയോട് അടുക്കുമെന്നാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. കിഫ്ബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയതെന്നും അദാനിയുടെ ചെലവ് 2,497 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേതാക്കൾ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ കണക്കുകളെ ചോദ്യം ചെയ്തതോടെ വിഴിഞ്ഞം പദ്ധതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

Related Articles

Back to top button