ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്… ടാക്സി ഡ്രൈവർ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും

തിരുവനന്തപുരം: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ, വാഹനം തകർക്കപ്പെട്ട ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ അത് കേസിൽ കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇരുവിഭാഗവും ഇപ്പോൾ ശ്യാംരാജിനെ സഹായിക്കുന്നതിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നത്. പ്രതിഷേധക്കാരായ പ്രവർത്തകരുടെ ആക്രമണത്തിൽ കാർ പൂർണ്ണമായി തകർന്ന ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഐഎം നേതാക്കൾ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ നിലവിൽ തനിക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ശ്യാംരാജ് വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായ വാഹനം തിരികെ ലഭിക്കണമെങ്കിൽ ഗാരേജിൽ 1,80,000 രൂപയോളം നൽകേണ്ടതുണ്ട്. ഉപജീവന മാർഗ്ഗമായ വാഹനം കസ്റ്റഡിയിലായതോടെ നിലവിൽ പെയിന്റ് പണിക്ക് പോയും, സിമന്റ് കടയിൽ പണിയെടുത്തുമാണ് ശ്യാംരാജ് തന്റെ ഉപജീവന മാർഗം കണ്ടെത്തുന്നത്. അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.

കേസിലെ പത്ത് പ്രതികളുടെ ജാമ്യ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി ആക്രമണത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ നേരിട്ട് കണ്ടിരുന്നു. മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും, പ്രതികൾ ആസൂത്രിതമായി ആക്രമണവും ഗൂഢാലോചനയും നടത്തിയെന്നുമാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ശക്തമായി വാദിച്ചത്.

Related Articles

Back to top button