ആലുവയിൽ 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷയിലെ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങിയ സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പെരുമ്പാവൂരിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടമെന്നും പൊലീസ് പറഞ്ഞു. കുറച്ചുനാളുകളായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് സംഘത്തിന് പുറമെ ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, ആലുവ സി.ഐ. പി.എം. ഷെമീർ, എസ്.ഐ. രഞ്ജിത് മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button