പതിനായിരങ്ങളെ സാക്ഷിയാക്കി കൽപാത്തിയിൽ രഥസംഗമം

പാലക്കാട്: ദേവരഥങ്ങൾ സംഗമിക്കുന്ന അപൂർവ കാഴ്ചയ്ക്ക് സാക്ഷിയാകാൻ പതിനായിരങ്ങളാണ് ഇത്തവണ കൽപാത്തിയിലെത്തിയത്. ദൈവങ്ങളെ കണ്ട് ഭക്തർ മടങ്ങി. ഭക്തരെ കണ്ട് ദേവരഥങ്ങളും. പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രാവിലെ വിഗ്രഹങ്ങൾ രഥത്തിലേറ്റിയതുമുതൽ കൽപാത്തി ജനത്തിരക്കിലായിരുന്നു. വൈകിട്ടോടെ രഥങ്ങളുടെ ഗ്രാമപ്രദക്ഷിണം ആരംഭിച്ചു. ആദ്യമായി രഥോത്സവം കാണാനെത്തിയവർക്ക് കൗതുകവും വിശ്വാസികൾക്ക് പുണ്യാനുഭവവുമായി രഥപ്രയാണം.

ഭക്തർ പിന്നോട്ടു നടന്നുകൊണ്ട് രഥം വലിച്ചപ്പോൾ വഴിയൊരുക്കി ഇരുവശത്തും കാഴ്ചക്കാർ അണിനിരന്നു. ഒരുമയുടെ ഉത്സവം കൂടിയാണ് കൽപാത്തി രഥോത്സവമെന്ന് ഈ കാഴ്ചകൾ വീണ്ടും ഓർമിപ്പിച്ചു. വിശാലാക്ഷീസമേത വിശ്വനാഥന്റെയും ഗണപതിയുടെയും വള്ളിദേവാനാസമേത സുബ്രഹ്മണ്യന്റെയും രഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി വൈകിട്ടോടെ ശിവക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിക്ക് സമീപമെത്തി. ഇതിനിടെ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതിയുടെ രഥവും തിരിച്ചുള്ള പ്രദക്ഷിണം ആരംഭിച്ചിരുന്നു. രഥം വലിക്കുന്ന ഭക്തർക്ക് ആവേശം പകർന്ന് കാഴ്ചക്കാർ താളമിട്ട് ജയവിളികൾ മുഴക്കി. പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാളുടെ രഥം തേരുമുട്ടിക്ക് മുന്നിലൂടെ എത്തിയതോടെ ആവേശം ഇരട്ടിയായി. അഗ്രഹാരവീഥിയിലൂടെ മന്ദക്കര മഹാഗണപതിയെ വണങ്ങാൻ പെരുമാളുടെ രഥം നീങ്ങിയപ്പോൾ ജനക്കൂട്ടം ഇരുവശങ്ങളിലേക്കും മാറി വഴിയൊരുക്കി.

വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളും തേരുമുട്ടിയിൽ നിലയുറപ്പിച്ചതോടെ സംഗമക്കാഴ്ച കാണാൻ എത്തിയവർക്ക് ആവേശമായി. പിന്നാലെ കൽപാത്തിയിലെ വഴികളിൽ ഒരടി നീങ്ങാൻ പോലും കഴിയാത്ത വിധം തിരക്കേറി. ഗണപതിയുടെ രഥം ആനയെക്കൊണ്ട് തള്ളിനീക്കുന്ന കാഴ്ചയ്ക്കും വലിയ ആർപ്പുവിളികളായിരുന്നു അകമ്പടി. മന്ദക്കര ഗണപതിയെ വണങ്ങി ലക്ഷ്മീനാരായണ പെരുമാൾ തിരിച്ചെത്തിയതോടെ ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥവും അവിടെയെത്തി. ഇതോടെ കാത്തിരുന്ന രഥസംഗമത്തിന് വേദിയായി. ത്രിസന്ധ്യയിൽ ദീപപ്രഭയിൽ തിളങ്ങിയ രഥങ്ങളും ഭക്തരുടെ ജയവിളികളും ചേർന്നപ്പോൾ കൽപാത്തി ഉത്സവനഗരമായി. ഇനി ഒരാണ്ട് കാത്തിരിക്കാനുള്ള ഓർമകൾ സമ്മാനിച്ചാണ് ഇത്തവണത്തെ രഥസംഗമം ഭക്തരെ യാത്രയാക്കിയത്.

Related Articles

Back to top button