വെർച്വൽ ക്യൂ ബുക്കിങ് ഇല്ലെങ്കിൽ കെഎസ്ആർടിസിയിൽ പമ്പയിലേക്ക് നേരിട്ടുള്ള യാത്രയില്ല…

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ ദീർഘദൂര സർവീസുകളിൽ പമ്പയിലെത്തുന്ന ഭക്തർക്ക് അവിടെ നിന്ന് ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് ലഭിക്കില്ല. ഇവർക്ക് സ്പോട്ട് ബുക്കിങ്ങിനായി വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരെ മാത്രമായിരിക്കും പമ്പയിലേക്ക് കൊണ്ടുപോകുക.
സ്പോട്ട് ബുക്കിങ്ങിനായി എത്തുന്നവരെ നിലയ്ക്കലിൽ ഇറക്കണമെന്നാണ് നിർദേശം. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ബുക്കിങ് അനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകണമെന്നും നിർദേശമുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ പമ്പയിലെത്തുന്നവർക്ക് വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരുന്നത് കടുത്ത ബുദ്ധിമുട്ടിനും സമയനഷ്ടത്തിനും കാരണമാകും. പമ്പയിൽ അനാവശ്യ തിരക്കും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളിൽ അധിക യാത്രക്കാരുടെ തിരക്കും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാണ് കെഎസ്ആർടിസിയുടെ നടപടി.
1 വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യുക.
2. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഇറക്കുക. ബുക്കിംഗിന് ശേഷം ഇവർക്ക് പമ്പയിലേക്ക് പോകുന്നതിന് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കുക.
3. ടിക്കറ്റ് നൽകുന്ന സമയത്തോ യാത്രയ്ക്കിടയിലോ കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിംഗ് വിവരം (ബുക്കിംഗ് സ്ലിപ്പ് OR കോഡ്) പരിശോധിച്ച് അതനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകുക.
4. ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും ചെയ്യുക.



