‘വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല’…യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതമോ ജാതിയോ അടിസ്ഥാനമാക്കിയുള്ള യാതൊരു രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷിക്കാറില്ലെന്ന് സിഇഒ വ്യക്തത വരുത്തി. ഒരു മാധ്യമ അഭിമുഖത്തിലായിരുന്നു എസ്ഐആർ. നടപടികൾക്ക് ശേഷമുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക ഉന്നയിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലുണ്ടായിരുന്ന 1.27 കോടിയോളം ഹിന്ദു വോട്ടർമാരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ കാണാനില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളും, 18-19 വയസ്സ് പ്രായമുള്ള 4.5 ലക്ഷത്തോളം യുവവോട്ടർമാരും ഉൾപ്പെടെ 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ പട്ടികയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പട്ടികയിലെ അപാകതകളിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കമ്മിഷനു നിവേദനം നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.



