കാറ്റാടി വൈദ്യുതി വിവാദത്തിൽ പുതിയ വഴിത്തിരിവ്

വിവാദമായ കാറ്റാടി വൈദ്യുതി ഇടപാടിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുന്നു. വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്നും 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബിക്ക് മുന്നിൽ വച്ചത് സർക്കാർ തന്നെയാണ്. വൈകുന്നേരം ആറുമണി മുതൽ അർദ്ധരാത്രി വരെയുള്ള പീക്ക് സമയങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനെന്ന പേരിൽ സെപ്റ്റംബർ 22-ന് സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് വിവാദ കരാറിലേക്ക് കെഎസ്ഇബി നീങ്ങിയത്. മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് ഇത്തരമൊരു കരാർ നടന്നിട്ടുള്ളതെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഒക്ടോബറിൽ നടപ്പിലാക്കിയ വൈദ്യുതി ഇടപാട് പൂർണ്ണമായും നിയമവിരുദ്ധമാണെന്നാണ് പ്രധാന ആക്ഷേപം. കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ ചട്ടപ്രകാരം നാലു മുതൽ നാലര രൂപ വരെ മാത്രം പരമാവധി വിലയുള്ള കാറ്റാടി വൈദ്യുതി പത്തു രൂപയിൽ കൂടുതൽ നൽകി വാങ്ങാനോ വിൽക്കാനോ നിയമപരമായി സാധിക്കില്ല. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് യൂണിറ്റിന് 11 രൂപ നിരക്കിലാണ് വിഇഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയിരിക്കുന്നത്. ഇത്രയും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നിർദേശം കെഎസ്ഇബിക്ക് മുന്നിൽ സർക്കാരാണ് വെച്ചത് എന്നത് ഈ ഇടപാടിന്റെ ദുരൂഹത ഇരട്ടിയാക്കുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യം മുതലെടുത്താണ് സർക്കാരും കെഎസ്ഇബിയും വിഇഎച്ചും ചേർന്ന് ഈ നിയമവിരുദ്ധ നടപടിക്ക് കളമൊരുക്കിയത്.



