ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിന് സ്വകാര്യ ബസിടിച്ച്….

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ തക്കലയിൽ സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് സർക്കാർ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം. തക്കൽ ഹെഡ്ക്വാർട്ടേഴ്‌സ് സർക്കാർ ആശുപത്രിയിലെ നഴ്‌സായ ഫ്‌ളോറൻസ് ജാസ്മിൻ (46) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇലവുവിള സി.എസ്.ഐ. ചർച്ചിലെ പാസ്റ്റർ സ്റ്റാലിൻ വിനു ജോൺസിന്റെ ഭാര്യയാണ് ജാസ്മിൻ. രണ്ട് മക്കളുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണലി ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. പിന്നിൽ അതിവേഗത്തിലെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് ജാസ്മിൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജാസ്മിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്തെത്തിയ തക്കല പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.



