മീൻപിടിത്തത്തൊഴിലാളികൾക്കൊപ്പം വല വലിക്കാൻ സഹായിക്കുന്നതിനിടെ ഇറ്റാലിയൻ സ്വദേശി…

വിഴിഞ്ഞം: കരയിലേക്ക് കമ്പവല വലിച്ചുകയറ്റുകയായിരുന്ന മീൻപിടിത്തത്തൊഴിലാളികൾക്കൊപ്പം വല വലിക്കാൻ സഹായിച്ച ഇറ്റാലിയൻ പൗരൻ കുഴഞ്ഞുവീണു മരിച്ചു. ഇറ്റാലിയൻ സ്വദേശി ഫ്‌ളോറിൻ ലെയ്റ്റനർ (66) ആണ് മരിച്ചത്. ഭാര്യയും ജർമൻ സ്വദേശിനിയുമായ ഗബ്രിയേലയ്ക്കൊപ്പം പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിൽ ആയുർവേദ ചികിത്സയ്ക്കെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ 10.50ഓടെ പുളിങ്കുടിക്ക് സമീപത്തെ കടൽത്തീരത്തായിരുന്നു സംഭവം. തൊഴിലാളികൾ കൂട്ടമായി വല വലിച്ച് കരയ്ക്കെത്തിക്കുന്നത് കണ്ട് കൗതുകം തോന്നിയ ഫ്‌ളോറിൻ അവർക്കൊപ്പം ചേർന്ന് വല വലിക്കാൻ സഹായിക്കുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കടൽത്തീരത്ത് കുഴഞ്ഞുവീണു. റിസോർട്ടിലെ ഡോക്ടർ സ്ഥലത്തെത്തി സി.പി.ആർ നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസെത്തി നടപടികൾ പൂർത്തിയാക്കി കേസെടുത്തു.

Related Articles

Back to top button