ചാലയിലെ സ്വർണക്കവർച്ച… ഒളിപ്പിച്ച സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കവർന്ന സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനുപ് രാജാണ് രക്ഷപ്പെടുന്നതിനിടെ സ്വർണം പുരയിടത്തിൽ കുഴിച്ചിട്ടത്. ഇയാൾ കുഴിച്ചിട്ട സ്ഥലത്തുനിന്ന് സ്വർണം പുറത്തെടുത്ത് പൊലീസിന് കൈമാറി. സ്വർണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തിവരികയാണ്. നേരത്തെ പ്രതികളുടെ വാഹനത്തിൽ നിന്ന് 420 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ ഉൾപ്പെടെ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ കണ്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. ബിസിനസ് വളർച്ചയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സുഹൃത്തിന്റെ ചതിക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമോലിന്റെ നേതൃത്വത്തിലായിരുന്നു കവർച്ചയ്ക്കുള്ള ഗൂഢാലോചന. കായംകുളത്തെ ഒരു വ്യാപാരിക്ക് വലിയ അളവിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് വർഷങ്ങൾക്കുമുമ്പ് കേരളത്തിലെത്തി സ്വർണവ്യാപാരം ആരംഭിച്ചവരാണ് അമോലും നന്ദകുമാറും. അമോലിന്റെ വീടിനടുത്തുള്ള കെട്ടിടത്തിലെ ചെറിയ കടമുറിയിലായിരുന്നു നന്ദകുമാർ സ്വർണവ്യാപാരം നടത്തിയിരുന്നത്. എന്നാൽ, നന്ദകുമാറിന്റെ പെട്ടെന്നുള്ള വളർച്ച അമോലിൽ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Articles

Back to top button