കായംകുളം ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു… ചികിത്സാപ്പിഴവെന്ന്…

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി അനൂപ് എസ് (37) ആണ് മരിച്ചത്. ചികിത്സയിൽ പിഴവുണ്ടായെന്നും അവസ്ഥ വഷളായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ മാസം 14ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ അനൂപിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 18 മണിക്കൂറിന് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അനൂപ് പഴയ ആരോഗ്യനില വീണ്ടെടുത്തതായി ബന്ധുക്കൾ പറയുന്നു.

എന്നാൽ രണ്ട് ദിവസത്തിന് ശേഷം അനൂപ് അക്രമാസക്തനായെന്നും തുടർന്ന് ഡോക്ടർ സെഡേഷൻ നൽകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തെന്നാണ് സഹോദരിയുടെ ആരോപണം. അനൂപിന്റെ ആരോഗ്യനില മോശമാണെന്ന് മനസിലായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും സഹോദരി പറയുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായിട്ടും ന്യൂറോ ഡോക്ടറെ കാണാൻ ഒന്നര ദിവസം കാത്തിരിക്കേണ്ടിവന്നെന്നും ചികിത്സാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർമാരുടെ അഭാവവും ചികിത്സാപ്പിഴവും അനൂപിന്റെ മരണത്തിന് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ആശുപത്രിയെയും ചികിത്സിച്ച ഡോക്ടറെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

Related Articles

Back to top button