കുടുംബ പ്രശ്നങ്ങൾ തീർക്കാൻ പൂജ…. യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

കൊച്ചി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. ഇടുക്കി കുമളി സ്വദേശിയായ പ്രിൻസ് എബ്രഹാമിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി, യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി തുടർന്നും പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2024 മാർച്ച് 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂരിൽ നിന്നാണ് പ്രതി യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ആലുവയിലെ ലോഡ്ജ് മുറിയിലെത്തിച്ച് നിർബന്ധിച്ച് മദ്യം നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി വീണ്ടും യുവതിയെ പീഡനത്തിന് ഇരയാക്കി. ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് വലിയ തുക പണമായും സ്വർണ്ണാഭരണങ്ങളായും ഇയാൾ കൈക്കലാക്കിയിരുന്നു. തുടർച്ചയായ ഭീഷണിയും പീഡനവും കാരണം യുവതിക്ക് കുടുംബവും ജോലിയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഒടുവിൽ സഹികെട്ട യുവതി ആലുവ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ കേസെടുത്ത പൊലീസ് പ്രതിയായ പ്രിൻസ് എബ്രഹാമിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button