കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; ബസ് സ്റ്റാൻഡിലെത്തിച്ച് പൊലീസിൻ്റെ പരസ്യ മർദനം

ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ബസ് സ്റ്റാൻഡിലെത്തിച്ച് ജനം നോക്കിനിൽക്കേ പരസ്യമായി മർദിച്ച് പൊലീസ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പൊലീസുകാർ പ്രതിയെ പരസ്യമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ വിമർശനമുയർന്നു. 20കാരനായ ഫൈസൽ എന്നയാളാണ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കാജൽബെൻ ബരിയ്യ എന്ന 40കാരിയായിരുന്നു ഇയാളുടെ പങ്കാളി. സെപ്റ്റംബർ മൂന്നിന് ഭാവ്നഗർ ബസ് സ്റ്റാൻഡിൽ വെച്ച് പ്രതി ഇവരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാജൽബെൻ ചികിത്സയിലിരിക്കെ സെപ്റ്റംബർ നാലിന് മരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.



