കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമർദനം… SHO ഉൾപ്പെടെ 4 പൊലീസുകാർക്ക്…

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമർദനമേറ്റെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി. എസ്എച്ച്ഒ ഉൾപ്പെടെ നാല് പൊലീസുകാരെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തു. അജ്മൻ, നിസാർ, ധനേഷ്, രജിത്ത് എന്നിവർക്കാണ് സസ്‌പെൻഷൻ. സെപ്റ്റംബർ രണ്ടിനാണ് കാലടി സ്വദേശി സുജിത്ത് ജയന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനമേറ്റതെന്നാണ് പരാതി.

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് സുജിത്ത് എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിവരെ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെ ആരോപണം. പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ നഗ്നനാക്കി മർദിച്ചെന്നും യുവാവ് ആരോപിച്ചിട്ടുണ്ട്. തന്നെ മർദിച്ച പൊലീസുകാരുടെ പേരടക്കം ഉൾപ്പെടുത്തിയാണ് സുജിത്ത് എസ്പിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നാല് പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ളവരോട് പാലിക്കേണ്ട നിയമനടപടികളും മനുഷ്യാവകാശ മാനദണ്ഡങ്ങളും ലംഘിച്ചോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Related Articles

Back to top button