ബീഡി നൽകാത്തതിലുള്ള വൈരാഗ്യം… 18കാരനെ കുത്തിയ 58കാരൻ…

തൃശൂർ: ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ബിഹാർ സ്വദേശി വികാസ് കുമാറിന് (18) പരിക്കേറ്റു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ളുഷാപ്പിന് മുന്നിലായിരുന്നു സംഭവം. ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ രഞ്ജിത്ത്, എസ്.ഐ അവിനാഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




