ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു, ഇടിവളകൊണ്ട് മർദിച്ചു… ഒടുവിൽ ആലപ്പുഴ പൊലീസ്….

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. വാക്കുതർക്കത്തിന്റെ പേരിൽ എട്ടംഗ സംഘം നാല് യുവാക്കളെ ആക്രമിച്ച സംഭവത്തിലാണ് ആലപ്പുഴ പൊലീസ് നടപടി. തിരുവോണദിനമായ രാത്രിയിൽ ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലിൽവച്ചാണ് ആക്രമണമുണ്ടായത്. ജിംനേഷ്യത്തിൽവച്ചുണ്ടായ വാക്കുതർക്കത്തിന്റെ പേരിലാണ് നാലംഗ സംഘത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.

അതുലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവളകൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയിലുണ്ട്. അതുലിന് പുറമെ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരുമാണ് കേസിലെ പ്രതികൾ. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാറിൽ പോകാൻ ശ്രമിച്ച യുവാക്കളെ എട്ടംഗ സംഘം പിന്തുടർന്ന് വീണ്ടും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആക്രമണത്തിന്റെ തീവ്രത വ്യക്തമായതെന്നാണ് പൊലീസ് വിശദീകരണം.

പരിക്കേറ്റ യുവാക്കൾ അന്നുതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിയും നൽകി. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിൽ ഇതുവരെ പ്രതികളാരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടി വൈകിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.

Related Articles

Back to top button