കൈക്കൂലി കേസിൽ വിജിലൻസിന് തിരിച്ചടി… റിട്ട. ഡെപ്യൂട്ടി കളക്ടർക്ക്…

കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ റിട്ട. ഡെപ്യൂട്ടി കളക്ടറുടെ അറസ്റ്റിൽ വിജിലൻസിന് ഗുരുതര വീഴ്ച. റിട്ട. ഡെപ്യൂട്ടി കളക്ടർ കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യെ മൂവാറ്റുപുഴ വിജിലൻസ് കോടതി വിട്ടയച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കൃപയെ വിട്ടയച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൃപയെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ആദ്യം കോടതി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.

എന്നാൽ, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം രേഖകൾ സഹിതം കോടതിയെ സമീപിച്ചു. ഉച്ചയ്ക്ക് 2.45നാണ് കൃപയെ കോടതിയിൽ ഹാജരാക്കിയത്. ഇതിന് തൊട്ടുമുമ്പ് മാത്രമാണ് അറസ്റ്റ് നോട്ടീസ് വിജിലൻസ് ബന്ധുക്കൾക്ക് കൈമാറിയത്. വെറും ഒമ്പത് മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഇത്. നിയമപരമായി അറസ്റ്റ് നടപടിക്രമം പാലിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി കൃപയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് കൃപയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, കോടതി ഉത്തരവിന് പിന്നാലെ വിജിലൻസ് ഇതുവരെ വീണ്ടും അറസ്റ്റിലേക്ക് കടന്നിട്ടില്ല. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി നൽകുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നേരത്തെ മൂന്ന് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

എറണാകുളം കണയന്നൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായി പ്രവർത്തിച്ച എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെയാണ് ഓഗസ്റ്റ് 13ന് അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടറായ എൻ.കെ. കൃപയും കൈക്കൂലി ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് വെള്ളിയാഴ്ച വൈകീട്ട് കൃപയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിൽ എളമക്കരയിലുള്ള 1.4 ഏക്കർ ഭൂമി റവന്യൂ രേഖകളിൽ ‘നിലം’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിതാവിന്റെ മരണശേഷം അനന്തരാവകാശ പോക്കുവരവ് നടത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. വീടുനിർമാണത്തിനായി സ്ഥലത്ത് മണ്ണടിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ഷിബിൻ, ഭൂമി മണ്ണിട്ട് നികത്തുന്നതായി കാണിച്ച് ജൂണിൽ ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിൽ പരാതി നൽകി.

തുടർന്ന് കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് ഭൂവുടമയെ ബന്ധപ്പെടുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മണ്ണിട്ടതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി ഫയലിൽ എടുത്താൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞതായി പരാതിയിൽ പറയുന്നു. സ്ഥലത്ത് ഇട്ട മണ്ണ് നീക്കം ചെയ്യാമെന്നും പിഴയോ മറ്റോ ഉണ്ടെങ്കിൽ അടയ്ക്കാമെന്നും പരാതിക്കാരൻ അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു തഹസിൽദാറിന്റെ മറുപടി. പരാതി നൽകിയ ഷിബിനെ നേരിൽകണ്ട് വിഷയം പരിഹരിക്കണമെന്നും സ്ഥലം തരംമാറ്റാൻ അപേക്ഷ നൽകണമെന്നും തഹസിൽദാർ ആവശ്യപ്പെട്ടതായും വിജിലൻസ് കണ്ടെത്തി.

തുടർന്ന് പരാതിക്കാരൻ ഷിബിനെ കണ്ടപ്പോൾ, ഷിബിൻ മറ്റൊരു ഇടനിലക്കാരനായ രാജേഷിനെ പരിചയപ്പെടുത്തി. പരാതി ഒത്തുതീർപ്പാക്കുന്നതിനും താലൂക്ക്, വില്ലേജ് തലത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കുമായി അഞ്ച് ലക്ഷം രൂപയും ഇടനിലക്കാർക്കായി അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ 10 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയിലേക്കും അന്വേഷണം എത്തിയത്. അറസ്റ്റ് നടപടിക്രമത്തിലെ വീഴ്ചയെ തുടർന്ന് കൃപയെ കോടതി വിട്ടയച്ചതോടെ കേസിൽ വിജിലൻസിന്റെ തുടർനടപടിയാണ് ഇനി നിർണായകം.

Related Articles

Back to top button