നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ….

പാലക്കാട്: കേരളത്തെയാകെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ചരിത്രപ്രധാനമായ ഈ ഉത്തരവ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും, പ്രതിയിൽ മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് വ്യക്തമായ പദ്ധതിയിട്ടിരുന്നതായും തുടർച്ചയായി കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. മുൻപ് ചെയ്ത കൊലപാതക കേസിൽ ലഭിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി വീണ്ടും ഈ ദാരുണമായ കൃത്യം നടത്തിയത്. സമൂഹത്തിന് ഭീഷണിയായ പ്രതി വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. വിചാരണയ്ക്കിടെ പ്രതി കോടതിയിൽ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. “താൻ ഗാന്ധിയൊന്നുമല്ലെന്നും ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെ”ന്നുമാണ് കൗൺസിലിംഗിനിടെയും പ്രതി കോടതിയോടും വ്യക്തമാക്കിയത്. കൊലപാതകം ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് കോടതി എടുത്തുപറഞ്ഞു. ജയിലിൽ ജോലി ചെയ്ത് സുധാകരന്റെ മക്കൾക്ക് ചെലവിന് കൊടുക്കാമെന്ന് പ്രതി പറഞ്ഞതൊഴിച്ചാൽ മറ്റെല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞു.

കേസിന്റെ നാൾവഴികൾ ജനുവരി 27ന് അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നുള്ള രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ജനുവരി 28 രാത്രി 11 മണിയോടെ പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ ഫെബ്രുവരി 5ന് തെളിവെടുപ്പ് നടത്തി. 2019 ഫെബ്രുവരി 18-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യം റദ്ദാക്കി. മാർച്ച് 25ന് 80 പേജുള്ള കുറ്റപത്രം സമർപ്പിച്ചു (132 സാക്ഷികളും 30-ലധികം രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി). ഫെബ്രുവരി 23 – മേയ് 6 വിചാരണ പൂർത്തിയായി. നേരത്തെ ഒരു കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഇരട്ടക്കൊലപാതകം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകാൻ കോടതി തീരുമാനിച്ചത്.

Related Articles

Back to top button