മണിക്കൂറിന് 50 രൂപ കൂലിയിൽ നിർദ്ദയം ബാലവേല… 9 കുട്ടികളെ കണ്ടെത്തി… രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിൽ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. ഓടക്കാലിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യിക്കാനായി ബിഹാറിൽ നിന്ന് എത്തിച്ച കുട്ടികളെയാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പാറ്റ്ന-എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിൽ ഇവർ കൊച്ചിയിലെത്തിയത്. 11 പേരടങ്ങുന്ന സംഘത്തിൽ 9 കുട്ടികളെ കണ്ടതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് സംശയം തോന്നുകയും ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
ഈ ചോദ്യം ചെയ്യലിലാണ് 9-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികളെ ബാലവേലയ്ക്കായി കൊണ്ടുപോവുകയായിരുന്നു എന്ന് വ്യക്തമായത്. മണിക്കൂറിന് കേവലം 50 രൂപ എന്ന തുച്ഛമായ വേതനത്തിനാണ് കുട്ടികളെ ജോലിക്കായി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന സുനിൽ മണ്ഡൽ, ഡബ്ലു എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. അരുൺ തോമസ് എന്നയാളുടെ നിർദേശപ്രകാരമാണ് കുട്ടികളെ എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ തുടർ നടപടികൾക്കായി അധികൃതർക്ക് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.



