‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ?’… വിമർശനവുമായി ശശി തരൂർ

ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. ജെൻസികളുടെ ശബ്ദമാകാൻ സിജെപിക്ക് കഴിഞ്ഞെന്നും എന്നാൽ ഇതേ രീതിയിൽ യുവാക്കളുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ കോൺഗ്രസിനായില്ലെന്നും തരൂർ വിമർശിച്ചു. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്തുകൊണ്ടാണ് ഇത് സാധിക്കാതെ പോയതെന്ന് കോൺഗ്രസ് സ്വയം ചിന്തിക്കണം, തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ സിജെപിയെ പോലെ അത് ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കളുടെ വിഷയങ്ങൾ കേൾക്കുകയും അവരെ രാഷ്ട്രീയമായി പ്രതിനിധീകരിക്കുകയും ചെയ്യേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വമാണെന്നും തരൂർ പറഞ്ഞു. യുവാക്കളെ കേൾക്കാതെ മുന്നോട്ടുപോയാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തരൂരിന്റെ പരാമർശം കോൺഗ്രസിനുള്ളിലെ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് യുവാക്കളുമായി പാർട്ടിക്കുള്ള ബന്ധം, അവരുടെ വിഷയങ്ങൾ ഏറ്റെടുക്കുന്നതിലെ വീഴ്ചകൾ എന്നിവ സംബന്ധിച്ച ആത്മപരിശോധന വേണമെന്ന തരൂരിന്റെ നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകാനാണ് സാധ്യത.



