പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ്…

കൊച്ചി: ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യുന്നതിന് വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
പാസ്പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കാൻ നൽകിയ അപേക്ഷയിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പാസ്പോർട്ട് അധികൃതർ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന 2024ലെ ഓഫീസ് മെമ്മോറാണ്ടം നിലവിലുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന വ്യവസ്ഥയില്ലെന്ന് കോടതി വ്യക്തമാക്കി. ഓഫീസ് മെമ്മോറാണ്ടം വഴി ചട്ടത്തിലെ വ്യവസ്ഥകളെ മറികടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നൽകി.



