പരിചയത്തിലുള്ള വീട്ടിലെത്തി, ആരുമില്ലെന്നറിഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ….

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരൻ പൊലീസിന്റെ പിടിയിൽ. പരവൂർ കൂനയിൽ ആയിരവില്ലിക്കാവിന് സമീപം മേച്ചിലിഴകം വീട്ടിൽ രാജേന്ദ്രബാബുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ഇരുചക്രവാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു.
പരിചയക്കാരനായതിനാൽ പെൺകുട്ടി സംശയമൊന്നും കൂടാതെ വാഹനത്തിൽ കയറി. തുടര്‍ന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് പ്രതി അതിക്രമത്തിന് മുതിർന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ കുട്ടിയെ പിന്തുടർന്നെത്തിയ പ്രതി കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പരവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



