ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിലേക്ക്…

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു. കേസിൽ പ്രതിയായ 17-കാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് സെഷൻസ് കോടതി റദ്ദാക്കിയിരുന്നെങ്കിലും 17-കാരൻ ഇപ്പോഴും ജാമ്യത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. സ്റ്റേഷൻ ജാമ്യം ഉൾപ്പെടെയുള്ള നടപടികളും ചോദ്യം ചെയ്തുകൊണ്ടായിരിക്കും കുടുംബത്തിന്റെ നീക്കം.

ജയബാലകൃഷ്ണന്റെ മരണത്തിൽ നീതി ഉറപ്പാക്കാൻ നിയമപരമായ പോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം, കേസിൽ 17-കാരനെതിരെ എഫ്ഐആറിന് പകരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് (SBR) തയ്യാറാക്കാനൊരുങ്ങുകയാണ് പൊലീസ്. കോടതികളിൽ നിന്ന് അന്വേഷണസംഘത്തിന് നേരിട്ട വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നേരത്തെ 17-കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ നടപടികളിൽ അഡീഷണൽ സെഷൻസ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. SBR തയ്യാറാക്കി അന്വേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Back to top button