വൈദ്യുതി പ്രതിസന്ധിയില്ലാതെ കേരളം…. ഉപഭോഗം കുറഞ്ഞു, പകൽ വൈദ്യുതി സറണ്ടർ ചെയ്ത്….

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ, നവംബർ ആദ്യവാരം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലാതെ കടന്നുപോകുന്നു. മാസത്തിലെ ആദ്യ ദിവസങ്ങളിൽ വിലകൂടിയ വൈദ്യുതി വാങ്ങൽ കരാറുകളെ ആശ്രയിക്കാതെ തന്നെ ആവശ്യത്തിന് വൈദ്യുതി ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ കുറവാണ് നിലവിലെ വൈദ്യുതി ആവശ്യകത.
5488 മെഗാവാട്ട് പീക്ക് ഡിമാൻഡാണ് ബോർഡ് പ്രവചിച്ചിരുന്നത്. എന്നാൽ നവംബർ ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രവചനത്തേക്കാൾ 521 മുതൽ 1008 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തിലും സമാനമായ കുറവുണ്ടായി. പ്രതീക്ഷിച്ച ഉപഭോഗത്തേക്കാൾ 0.31 ദശലക്ഷം യൂണിറ്റ് മുതൽ 8.7 ദശലക്ഷം യൂണിറ്റ് വരെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിലുള്ള വൈദ്യുതി വാങ്ങൽ കരാറുകളിലൂടെയും തത്സമയ വിപണിയിൽ നിന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത്. ഉപഭോഗം കുറഞ്ഞതോടെ പകൽ സമയങ്ങളിൽ വലിയ അളവിൽ വൈദ്യുതി സറണ്ടർ ചെയ്യേണ്ട സാഹചര്യവുമുണ്ടായി. ആദ്യ അഞ്ച് ദിവസങ്ങളിൽ 8.59 ദശലക്ഷം യൂണിറ്റ് മുതൽ 11.35 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ് ഇത്തരത്തിൽ സറണ്ടർ ചെയ്തത്.
വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ പുറത്തുവന്ന ഈ കണക്കുകൾ നിർണായകമാണ്. സംസ്ഥാനത്തിന് ഭാവിയിൽ ഏതുതരത്തിലുള്ള വൈദ്യുതി വാങ്ങൽ കരാറുകളാണ് ആവശ്യമെന്ന കാര്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കുമ്പോൾ നിലവിലെ ആവശ്യകതയും ഉപഭോഗത്തിലെ മാറ്റങ്ങളും സറണ്ടർ കണക്കുകളും പരിഗണിക്കും. വൈദ്യുതി ആവശ്യകത സംബന്ധിച്ച പ്രവചനങ്ങളും യഥാർഥ ഉപഭോഗവും തമ്മിലുള്ള വ്യത്യാസം പുതിയ കരാറുകളുടെ ആവശ്യകത നിർണയിക്കുന്നതിൽ പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ.



