തിരുവത്രയിലെ വീട് കുത്തിത്തുറന്ന് മോഷണം… ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ടുപേർ…

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ദേശീയപാതയോരത്തെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള ആലുവ എടത്തല സ്വദേശികളായ മാനോലിപ്പറമ്പിൽ സലാം (55), മാനോലിപ്പറമ്പിൽ സുൽഫിക്കർ (33) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസും ചാവക്കാട് പോലീസും ചേർന്ന് പിടികൂടിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള എസ്.എ.ജി.ഒ.സി. സംഘവും അന്വേഷണത്തിൽ പങ്കെടുത്തു.
ഭായ് നസീർ, തമ്മനം ഷാജി തുടങ്ങിയവരുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് പോലീസ് പറയുന്നത്. പകൽ കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ച് ദേശീയപാതയോരത്തെ പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിക്കുകയും രാത്രി വൈകി വീടുകളിൽ കയറി മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സലാം എറണാകുളം ജില്ലയിൽ കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2013-ൽ കളമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് 200 പവൻ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഭായ് നസീറിന്റെ അടുത്ത അനുയായിയായിരുന്ന ഇയാൾ തമ്മനം ഷാജിയുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങളിലും സജീവമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സുൽഫിക്കറിനെതിരെ പത്ത് ജില്ലകളിലായി 20-ലധികം ക്രിമിനൽ കേസുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. 15-ലധികം വഞ്ചനാക്കേസുകളിലും ഇയാൾ പ്രതിയാണ്.
കോട്ടപ്പുറം സെന്ററിലെ എള്ളുപറമ്പിൽ ചിന്നയ്ക്കൽ എ.സി. അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 19-ന് രാവിലെ വീട് പൂട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിലേക്ക് പോയ കുടുംബം പിറ്റേദിവസം രാത്രി ഒൻപതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്തെ അൻപതിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



