കാക്കനാട് അപകടം… അക്ഷരയുടെ ജീവനെടുത്ത ‘മലയിൽ’ ബസിന്റെ പെർമിറ്റ്…

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ സ്വകാര്യ ബസിനെതിരെ നടപടി. ഇൻഫോപാർക്ക്–മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘മലയിൽ’ ബസിന്റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ കാക്കനാട്ടെ അപകടവുമായി ബന്ധപ്പെട്ടല്ല, മറ്റൊരു കേസിൽ ട്രിപ്പ് മുടക്കിയ സംഭവത്തിലാണ് പെർമിറ്റ് സസ്പെൻഡ് ചെയ്തത്. അപകടവുമായി ബന്ധപ്പെട്ടും ബസിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാക്കനാട്ടുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയും ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്.

രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ ‘മലയിൽ’ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അപകടത്തിന് പിന്നാലെ ബസിന്റെ അമിതവേഗവും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച പരിശോധനകളും നടപടികളും തുടരുകയാണ്.

Related Articles

Back to top button