എക്സൈസ് മന്ത്രിയുടെ ഗതികേടാണ് പുറത്തുവന്നത്… സീറാം സാംബശിവറാവുവിന് പിന്തുണയുമായി….

തിരുവനന്തപുരം: വിവാദങ്ങളിൽപ്പെട്ട എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ പിന്തുണച്ച് മുൻ എക്സൈസ് മന്ത്രി വി.എൻ. വാസവൻ. സീറാം സാംബശിവറാവു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ചുമതലകൾ കൃത്യമായി നിർവഹിക്കുന്നയാളാണെന്നും വാസവൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തെ തിടുക്കപ്പെട്ട് സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമെന്നാണ് വി.എൻ. വാസവന്റെ ആരോപണം.
പറയുന്ന കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു. എക്സൈസ് വകുപ്പിൽ മുഖ്യമന്ത്രി അനാവശ്യമായി ഇടപെടുകയാണെന്നും എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി ഇടപെടുന്ന സാഹചര്യമാണുള്ളതെന്നും വാസവൻ ആരോപിച്ചു. എക്സൈസ് മന്ത്രിയുടെ ഗതികേടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ലെന്ന് പറയുന്നത് ഗതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് മന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കേണ്ട സമയമാണിത്. മന്ത്രി നൽകുന്ന നിർദേശങ്ങൾ ക്യാബിനറ്റിൽ എത്തുമ്പോൾ മാത്രം മുഖ്യമന്ത്രി അറിഞ്ഞാൽ മതിയെന്നുമാണ് വി.എൻ. വാസവന്റെ പ്രതികരണം.


