100 വര്‍ഷത്തെ പൈതൃകം പെരുവഴിയിൽ… ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എല്‍പി സ്കൂളിലെ…

ആലപ്പുഴ: ക്ലാസ് മുറികളുടെ ബലക്ഷയത്തെ തുടര്‍ന്ന് സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ പഠിക്കാന്‍ മാര്‍ഗമില്ലാതെ പെരുവഴിയിലായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്കൂളിലെ ഒന്ന്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പഠനം മുടങ്ങുമെന്ന ആശങ്കയിലായിരിക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റ് ബദല്‍ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി.

100 വര്‍ഷത്തെ പൈതൃകമുളള വിദ്യാലയമാണ് കറ്റാനത്തെ സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്കൂള്‍. കറ്റാനം ഓര്‍ത്തഡോക്സ് വലിയ പളളിക്ക് കീഴിലുളള മാനേജ്മെന്റാണ് കഴിഞ്ഞ 15 വര്‍ഷമായി സ്കൂള്‍ നടത്തിവരുന്നത്. ഈ അധ്യയന വര്‍ഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കെട്ടിടങ്ങളുടെ ബലക്ഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കിയത്. തുടര്‍ന്ന് പള്ളിയുടെ ഉടമസ്ഥതയിലുളള താല്‍ക്കാലിക കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റിയെങ്കിലും, രണ്ട്, നാല് ക്ലാസുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്നും ഇനി ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് സ്കൂള്‍ മാനേജ്മെന്റ്. സാധാരണ ചുറ്റുപാടില്‍ നിന്നു വരുന്ന പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.

Related Articles

Back to top button