മദ്യലഹരിയിൽ എസ്‌ഐ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക്… എസ്‌ഐക്ക്…

കണ്ണൂർ: പോലീസുകാരൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അഴീക്കൽ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ 21-ാം തീയതി ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചായിരുന്നു സംഭവം. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതി എന്ന യുവതിക്കും, രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.
ആദ്യം തൊഴിലാളികളെ ഇടിച്ച കാർ, പിന്നീട് ജോലി സ്ഥലത്ത് നിന്ന് തിരിച്ചുവരുകയായിരുന്ന സ്വാതിയെയും ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചിട്ടത് കണ്ടിട്ടും പോലീസുകാരൻ വാഹനം നിർത്താതെ മുന്നോട്ട് പോവുകയാണുണ്ടായത്. തുടര്‍ന്ന് സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് വാഹനം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു പോലീസുകാരനെന്ന് പരിക്കേറ്റ സ്വാതി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായ വീഴ്ച കണക്കിലെടുത്ത് എസ്.ഐ രജിത്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നേരത്തെയും ഇയാളുടെ ഭാഗത്തുനിന്ന് സമാനമായ രീതിയില്‍ മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.



