മഴക്കെടുതിയിൽ ആലപ്പുഴയ്ക്ക് ഒരാഴ്ചയിൽ നഷ്ടം…

ആലപ്പുഴ: മഴക്കെടുതി മൂലം ഒരാഴ്ചയ്ക്കിടെ ആലപ്പുഴ ജില്ലയിൽ 55.64 കോടി രൂപയുടെ നഷ്ടം. ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിലെ മഴക്കെടുതിയിൽ കൃഷി, പൊതുമരാമത്ത്, തദ്ദേശം, ഫിഷറീസ്, വൈദ്യുതി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ ശേഖരിച്ച കണക്കുകൾ പ്രകാരമാണിത്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടം — 30.34 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 68.17 കിലോമീറ്റർ റോഡുകൾ തകർന്നു. 14 കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൂന്ന് റോഡുകളിലായി 3.15 കിലോമീറ്റർ ദൂരം തകർന്നു. 2.01 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന്റെ നഷ്ടം. കൃഷിമേഖലയിലും കനത്ത നാശമാണ് ഉണ്ടായത്. ജില്ലയിലെ 1,515.15 ഹെക്ടർ കൃഷി നശിച്ചു. 20.4 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നെല്ല്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാനമായും നശിച്ചത്. നിരവധി പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. രാമങ്കരി ബ്ലോക്കിലെ അഞ്ച് കൃഷിഭവനുകളിലും ചെങ്ങന്നൂരിലെ പാണ്ടനാട് കൃഷിഭവനിലും വെള്ളം കയറിയതോടെ പ്രവർത്തനം നിലച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും വലകളും നശിച്ചതിലൂടെ ഫിഷറീസ് വകുപ്പിന്റെ കണക്കിൽ 1.16 കോടി രൂപയുടെ നഷ്ടമുണ്ട്. കെഎസ്ഇബിക്ക് ജില്ലയിലെ രണ്ട് സർക്കിളുകളിലായി 1.60 കോടി രൂപയുടെ നഷ്ടമുണ്ടായി. 262 വൈദ്യുതത്തൂണുകൾ തകർന്നു. 1,147 സ്ഥലങ്ങളിൽ മരങ്ങൾ വൈദ്യുതക്കമ്പികളിലേക്കും തൂണുകളിലേക്കും വീണു. 609 സ്ഥലങ്ങളിൽ വൈദ്യുതക്കമ്പികൾ പൊട്ടി. ആലപ്പുഴയിലും കുത്തിയതോടുമായി മൂന്ന് ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ മുങ്ങി. വളർത്തുമൃഗങ്ങളും കന്നുകാലികളും ചത്തതിനു പുറമെ നിരവധി കാലിത്തൊഴുത്തുകളും തകർന്നു. മൃഗസംരക്ഷണ വകുപ്പിന് 6.62 ലക്ഷം രൂപയുടെയും ക്ഷീരവികസന വകുപ്പിന് 6.91 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

മഴക്കെടുതിയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പണം തടസ്സമല്ലെന്നും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കണമെന്നും മന്ത്രി എം. ലിജു നിർദേശിച്ചു. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ അവലോകന യോഗത്തിലാണ് നിർദേശം. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലെ നീരൊഴുക്ക് വേഗത്തിലാക്കണം. ജലനിർഗമന മാർഗങ്ങളിലെ മാലിന്യങ്ങൾ നീക്കാൻ മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളെയും തദ്ദേശഭരണ വകുപ്പിനെയും ചുമതലപ്പെടുത്തി. തോട്ടപ്പള്ളി പൊഴി മുറിച്ച് വശങ്ങളിൽ കൂട്ടിയ മണ്ണ് കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് ഉടൻ നീക്കാനും നിർദേശമുണ്ട്. അന്ധകാരനഴി പൊഴിയിലൂടെയുള്ള ഒഴുക്കിന് തടസ്സമാകുന്ന മണൽ ഉടൻ നീക്കണം. ഇതിന് വീഴ്ച വരുത്തിയാൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. നീരൊഴുക്ക് തടയുന്ന ഇടത്തോടുകളിലെ മാലിന്യങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉടൻ നീക്കണമെന്നും എല്ലാ താലൂക്കുകളിലെയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിലെ 127 ദുരിതാശ്വാസ ക്യാംപുകളിലായി 6,487 കുടുംബങ്ങളിലെ 18,057 പേർ കഴിയുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി 599 ഭക്ഷണ വിതരണ കേന്ദ്രങ്ങളുണ്ട്. 36,414 കുടുംബങ്ങളിലെ 1,26,929 പേർക്കാണ് ഭക്ഷണം നൽകുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്കും നിർദേശം നൽകി.

ദേശീയപാത നിർമാണത്തിനായി തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപം സ്ഥാപിച്ച താൽക്കാലിക പ്ലാറ്റ്ഫോമിന്റെ ബാക്കി ഭാഗങ്ങളും ഉടൻ നീക്കണം. തുറവൂർ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും റോഡിലെ കുഴികൾ അടയ്ക്കാനും ദേശീയപാത അധികൃതർക്ക് മന്ത്രി നിർദേശം നൽകി. തൃക്കുന്നപ്പുഴ കടപ്പുറത്ത് കടലാക്രമണത്തിൽ തകർന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നും ശുദ്ധജല പൈപ്പ് പൊട്ടൽ വേഗത്തിൽ പരിഹരിക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചു. മടവീഴ്ച മൂലമുള്ള കൃഷിനാശത്തിന്റെ കണക്കുകൾ കൃഷിവകുപ്പ് വേഗത്തിൽ ശേഖരിക്കണം. തൃക്കുന്നപ്പുഴയിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നവരെ ഉടൻ വാടകവീടുകളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാനും നിർദേശം നൽകി.

Related Articles

Back to top button