1966 മുതൽ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടം, രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് ..

കർണാടകയിലെ ധാർവാഡിൽ രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. ധാർവാഡ് സിവിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജയദേവതൈ ഗേൾസ് എയ്ഡഡ് വിദ്യാലയമാണ് ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായത്. പിതാവ് വിദ്യാലയത്തിനായി കൈമാറിയ ഭൂമി അദ്ദേഹത്തിന്റെ മരണശേഷം മക്കൾ റിയൽ എസ്റ്റേറ്റ് ബിൽഡർക്ക് വിൽക്കുകയായിരുന്നു. സ്കൂൾ തകർത്ത സംഭവത്തിൽ ബിൽഡർക്കെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ധാർവാഡ് സിവിൽ ആശുപത്രിക്ക് സമീപം 1966 മുതൽ പ്രവർത്തിക്കുന്നതാണ് ഭാരതീയ വിദ്യാകേന്ദ്രയുടെ കീഴിലുള്ള ജയദൈവതൈ എയ്ഡഡ് സ്കൂൾ. അന്ന് കുട്ടികൾക്ക് കളിക്കാൻ അനിൽ ശങ്കർ വൈദ്യ എന്ന ഉദാരമതി സൗജന്യമായി കൈമാറിയതായിരുന്നു ഭൂമി. സ്കൂൾ വികസിച്ചപ്പോൾ കെട്ടിടങ്ങൾ ഉയർന്നു. ബെഞ്ചും ഡെസ്കും നിറഞ്ഞ ക്ലാസ് മുറികളുണ്ടായി. കുട്ടികളുടെ കലപില ശബ്ദങ്ങളാൽ മുഖരിതമായി. അങ്ങനെ തിങ്കളാഴ്ച വൈകീട്ട് വരെ സജീവമായിരുന്ന ക്ലാസ് മുറികളാണ് രാത്രി വെളുത്തപ്പോൾ അപ്രത്യക്ഷമായത്. ഇരുട്ടിന്റെ മറവിലെത്തിയ മണ്ണുമാന്തി യന്ത്രങ്ങൾ കെട്ടിടങ്ങളും ക്ലാസ് മുറികളും ബെഞ്ചും ഡെസ്കുമെല്ലാം തവിടുപൊടിയാക്കി.
സ്കൂളിന് കൈമാറപ്പെട്ട ഭൂമി അച്ഛന്റെ മരണശേഷം മക്കൾ റിയൽ എസ്റ്റേറ്റ് ബ്യുൽഡർക്ക് വിറ്റത് അടുത്തിടെയാണ്. സ്ഥലം വാങ്ങിയ ഹാലേമണി എന്ന ബ്യുൽഡറോട് മറ്റൊരു സ്ഥലത്തേക്ക് മാറാൻ അൽപം സമയം ആവശ്യപ്പെട്ടിരുന്നു മാനേജ്മെന്റ്. സമ്മതം മൂളിയ അദ്ദേഹം പക്ഷേ രാത്രി അയച്ചത് മണ്ണുമാന്തി യന്ത്രങ്ങളാണ്. സംഭവത്തിൽ ഹാലേമണിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് മാനേജ്മെന്റ്.




