ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ.. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകൾ മഞ്ജുഷ (41) ആണ് മരിച്ചത്. ഫാക്ടറിക്ക് 500 മീറ്റർ അകലെയുള്ള വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ മരണത്തിന് ഉത്തരവാദികൾ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

മൂന്ന് വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്ന് ശക്തമായ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മഞ്ജുഷ ഫാക്ടറി കോമ്പൗണ്ടിലായിരുന്നു വാച്ചറായി ജോലി ചെയ്തിരുന്നത്. എന്നാൽ, രോഗബാധിതയായ ഇവരെ കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യമുള്ള പുറമെയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയച്ചിരുന്നത്. കാട്ടുപന്നിയും ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ഡ്യൂട്ടിക്ക് പോകേണ്ടി വന്നത് ഇവർക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ജോലിക്കിടെ മറ്റൊരു മാനേജ്‌മെന്റ് സ്റ്റാഫിന്റെ അനുമതിയോടെ 15 മിനിറ്റ് പുറത്തുപോയതിന് മഞ്ജുഷയുടെ ഫോണിലേക്ക് മാനേജ്‌മെന്റിലെ ഒരാളിൽ നിന്ന് അസഭ്യ സന്ദേശം എത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് മൂന്ന് സ്റ്റാഫുകൾ ചേർന്ന് പ്രതികാരബുദ്ധിയോടെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്നാണ് ആരോപണം. മനഃപൂർവം മാനസികമായി തകർക്കാനാണ് തന്നോട് കാടിന് സമീപമുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോകാൻ ആവശ്യപ്പെട്ടതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Related Articles

Back to top button