അമ്മയുടെ കണക്കില്‍ വലിയക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…ജഗദീഷ്

വ്യക്തികള്‍ തമ്മിലുള്ള വിഴുപ്പലക്കലുകളിലേക്ക് താരസംഘടന അമ്മയെ വലിച്ചിഴക്കരുതെന്ന് നടന് ജഗദീഷ്. വലുപ്പച്ചെറുപ്പമില്ലാതെ അംഗങ്ങള്‍ സംഘടനയുടെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതല്‍തന്നെ കാണിച്ചുതന്നത്. കഴിഞ്ഞ ദിവസത്തെ ജനറല്‍ ബോഡി യോഗം ആ രീതിയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും ജഗദീഷ് പറഞ്ഞു. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുവേണം അഡ്ഹോക്ക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.
വാര്‍ഷിക യോഗത്തില്‍ കണക്കിന് കൃത്യതയില്ലെന്ന തോന്നല്‍ അംഗങ്ങള്‍ക്കുണ്ടായത് സ്വാഭാവികമാണ്. ട്രഷററെ അവധിയെടുപ്പിച്ചു പറഞ്ഞുവിട്ടെങ്കില്‍ അത് എന്തിനെന്ന് സംഘടനയെ ബോധ്യപ്പെടുത്തണം. ട്രഷറര്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കപ്പെടണം എന്നും ജഗദീഷ് പറയുന്നു.’അമ്മയുടെ കണക്കില്‍ വലിയക്രമക്കേടോ തട്ടിപ്പോ നടന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. റിപ്പോര്‍ട്ടും കണക്കും കാഷ്വലായി അവതരിപ്പിച്ച രീതിയില്‍ അംഗങ്ങള്‍ക്ക് സംശയം തോന്നാം’, ജഗദീഷ് അഭിപ്രായപ്പെട്ടു.



