സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത…..

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ന് അങ്ങനെയാകില്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.
ഈ വർഷം മൺസൂൺ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരൾച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബർ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താൽ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകർത്തു പെയ്യേണ്ടിയിരുന്ന ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ ദുർബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പോലും കാര്യമായ മഴ ലഭിച്ചതുമില്ല.



