കരിപ്പൂരിലെ സ്വർണക്കവർച്ച ആസൂത്രണം ചെയ്തത് പ്രിയങ്കയും ശ്രീലാലും; പ്രതിക്ക് ടിപി കേസ് പ്രതി ഷാഫിയുമായും അർജുൻ ആയങ്കിയുമായും ബന്ധം

കരിപ്പൂർ സ്വർണ കവർച്ചാ നാടകം ആസൂത്രണം ചെയ്തത് അറസ്റ്റിലായ പ്രിയങ്കയും സുഹൃത്ത് ശ്രീലാലും ചേർന്നെന്ന് പൊലീസ്. കടത്തിയ സ്വർണം കൈവശപ്പെടുത്താൻ ഇരുവരും ചേർന്ന് വാട്സാപ്പ് വഴി നടത്തിയ ഗൂഢാലോചനയുടെ തെളിവ് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യ പ്രതിയായ ശ്രീലാലിന് ടി പി കേസ് പ്രതി ഷാഫിയുമായും അർജുൻ ആയങ്കിയുമായുമുള്ള ബന്ധത്തിൻറെ തെളിവുകളും പുറത്തുവന്നു.

ഇന്നലെയാണ് വിദേശത്ത് നിന്നും 18 പവൻ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ തലശ്ശേരി സ്വദേശി പ്രിയങ്കയുൾപ്പെടെ മൂന്ന് പേരെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടിയത്. കസ്റ്റംസിൻറെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ പ്രിയങ്കയെ നീല ബെലേനോ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുന്നത് പൊലീസിൻറെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോളാണ് തട്ടിക്കൊണ്ടു പോകൽ നാടകമാണെന്ന് വ്യക്തമായത്. കടത്തിയ സ്വർണത്തിനായി പണം മുടക്കിയ ആളുടെ സംഘത്തിലുള്ള ജാബിർ പ്രിയങ്കയെ കാത്ത് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. ഇയാളെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കാൻ പാനൂർ സ്വദേശിയായ ശ്രീലാലും പ്രിയങ്കയും ചേർന്ന് നടത്തിയ നാടകമാണ് സ്വർണ കവർച്ചയെന്ന് പൊലീസ് പറയുന്നു. മുഴുവൻ സ്വർണവും കൈക്കലാക്കാനുള്ള നാടകമായിരുന്നു ഇവരുടേത്.

തട്ടിക്കൊണ്ടു പോകൽ നാടകം നടത്തിയ കാറിൽ ഭർത്താവുണ്ടായിരുന്നെങ്കിലും ഇയാൾ നിരപരാധിയാമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. സ്വർണം കൊണ്ടു വരുന്ന കാര്യം ഭർത്താവിനെ പ്രിയങ്ക അറിയിച്ചിരുന്നില്ല. ശ്രീലാലും പ്രിയങ്കയും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, ടി പി കേസ് പ്രതി ഷാഫിയുമായും, സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കിയുമായുമുള്ള ശ്രീലാലിൻറെ ബന്ധവും പുറത്തുവന്നു. ടിപി കേസ് പ്രതികൾക്ക് ഹീറോ പരിവേഷം നൽകുന്ന പോസ്റ്റുകളാണ് ശ്രീലാലിൻറെ ഇൻസ്റ്റഗ്രാം പേജിലുള്ളത്. സ്വർണക്കടത്തിനെ മഹത്വവത്കരിക്കുന്ന പോസ്റ്റുകളും ശ്രീലാലിൻറെ ഇൻസ്റ്റഗ്രാമിലുണ്ട്.

Related Articles

Back to top button